Banner Ads

“ഞങ്ങളുടെ സ്ക്വാഡിൻ്റെ രണ്ട് വർഷം”; ‘കണ്ണൂർ സ്ക്വാഡ്’ റിലീസ് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം, സന്തോഷം പങ്കുവെച്ച് മമ്മൂട്ടി കമ്പനി

മലയാള സിനിമാ ലോകത്തിന് വ്യത്യസ്തമായൊരു പോലീസ് ത്രില്ലർ അനുഭവം സമ്മാനിച്ച ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മമ്മൂട്ടിക്കമ്പനി നിർമ്മിച്ച് റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് (സെപ്റ്റംബർ 28) റിലീസ് ചെയ്‌തിട്ട് രണ്ട് വർഷം തികയുകയാണ്.

കണ്ണൂർ സ്ക്വാഡിന്റെ തലവനായ എ.എസ്.ഐ. ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ നേടി. ബോക്‌സ് ഓഫീസിലും ചിത്രം വൻ വിജയമായി മാറി. 2023 സെപ്റ്റംബർ 28-നാണ് ‘കണ്ണൂർ സ്ക്വാഡ്’ തിയേറ്ററുകളിൽ എത്തിയത്.

രണ്ടാം വാർഷികത്തിന്റെ സന്തോഷം നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ഞങ്ങളുടെ സ്ക്വാഡിൻ്റെ രണ്ട് വർഷം. അവിസ്മരണീയമായ ഷൂട്ടിംഗ് ദിനങ്ങൾ മുതൽ തിയേറ്ററുകളിൽ നിന്നുള്ള മികച്ച വിജയവും സ്നേഹവും വരെ, കണ്ണൂർ സ്ക്വാഡ് മമ്മൂട്ടി കമ്പനിക്ക് ഒരു പ്രത്യേക പ്രോജക്റ്റായിരുന്നു.

ഒരു പുതിയ ടീമിനൊപ്പം പ്രവർത്തിക്കുകയും പ്രേക്ഷകരുടെ സ്‌നേഹനിർഭരമായ വിജയം നേടുകയും ചെയ്‌തത് ശരിക്കും അവിസ്മരണീയമായി,” എന്നാണ് അവരുടെ ഔദ്യോ​ഗിക പേജിൽ കുറിച്ചത്. ആദ്യ ദിനം മുതൽ ലഭിച്ച മികച്ച പ്രതികരണങ്ങൾ ചിത്രത്തിന് വൻ മൗത്ത് പബ്ലിസിറ്റി നേടിക്കൊടുത്തു. റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ 84 കോടി രൂപയിലധികം കളക്ഷൻ നേടിയാണ് ‘കണ്ണൂർ സ്ക്വാഡ്’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചത്.