
തൃശൂർ : മാള പുത്തൻചിറയിൽ വിദ്യാർത്ഥിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി ആണ് മരിച്ചത്. രാവിലെ 11 മണിയോടെ കാണാതായ കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രി സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജിഎസ്എച്ച്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആന്റണി. മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മാള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.