
തിരുവല്ല: എം.സി റോഡിലെ തുകലശ്ശേരിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഏഴ് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് തിരുനെൽവേലി കൂട്ടപ്പുളി സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പ്രസിദ്ധമായ എടത്വ പള്ളിയിലേക്ക് വരികയായിരുന്നു ഈ സംഘം.
ഇന്ന് പുലർച്ചെ അഞ്ചേകാലോടെ തുകലശ്ശേരി ചീക്കുളത്തിൻപടിയിലായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും വന്ന ബസ് നിയന്ത്രണം കൈവിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റുകളും മതിലും ഇടിച്ചുതകർത്ത ശേഷം തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ച് പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും, നിസ്സാര പരിക്കുകളുള്ള രണ്ട് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.