
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും ഓർമ്മകൾ പുതുക്കി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പുതുവസ്ത്രങ്ങൾ അണിഞ്ഞും, പരസ്പരം സ്നേഹവും ആശംസകളും പങ്കുവെച്ചും പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിലാണ് വിശ്വാസിസമൂഹം ഈ പുണ്യദിനത്തെ വരവേൽക്കുന്നത്. മോശം കാലാവസ്ഥ കാരണം ചിലയിടങ്ങളിൽ ഇത്തവണ ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ല.
ദൈവകല്പനയനുസരിച്ച് പ്രവാചകനായ ഇബ്രാഹിം തന്റെ മകൻ ഇസ്മായിലിനെ ബലിനൽകാൻ സന്നദ്ധനായതിന്റെ ഓർമ്മപ്പെടുത്തലാണ് ബലിപെരുന്നാൾ (ഈദുൽ അദ്ഹ). കഠിനമായ അഗ്നിപരീക്ഷകളെപ്പോലും ദൃഢമായ വിശ്വാസം കൊണ്ട് മറികടക്കാമെന്ന വലിയൊരു സന്ദേശമാണ് ഈ ദിനം നൽകുന്നത്.പെരുന്നാൾ നമസ്കാരത്തിനായി പുലർച്ചെ തന്നെ പള്ളികൾ സജ്ജമായിരുന്നു. നമസ്കാരത്തിന് ശേഷം വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്തും സ്നേഹാശംസകൾ കൈമാറിയും പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്നു.
മൈലാഞ്ചിയണിഞ്ഞ കൈകളും പുതുവസ്ത്രങ്ങളുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്നതോടെ വീടുകളിൽ ഉത്സവപ്രതീതിയാകും.ആഘോഷങ്ങൾക്കപ്പുറം ഇല്ലാത്തവനെ ചേർത്തുപിടിക്കാനും, ദാനധർമ്മങ്ങൾ ചെയ്യാനും, മതമൈത്രി കാത്തുസൂക്ഷിക്കാനുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.ഇന്നലെ തന്നെ പൊതുഅവധി ലഭിച്ചത് വിവിധ ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് കൃത്യസമയത്ത് നാട്ടിലെത്താൻ വലിയ അനുഗ്രഹമായി. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്നലെ രാത്രി വൈകും വരെ വിപണികളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.