Banner Ads

തുലാമാസ പൂജകൾക്ക് ഇന്ന് തുടക്കം: ആദ്യ ദിവസങ്ങളിൽ തന്നെ റെക്കോർഡ് ബുക്കിംഗ്; മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസങ്ങളിൽ ഭക്തജനങ്ങളുടെ കനത്ത തിരക്കാണ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ രാവിലെ സന്നിധാനത്ത് വച്ച് നടക്കും.

പൂജ അവധി ദിവസങ്ങൾ കൂടിയെത്തിയതോടെ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഇന്ന് മാത്രം 30000ത്തോളം തീർഥാടകരാണ് ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. തുലാം ഒന്നായ ഒക്ടോബർ 18ന് 50000 പേരും ഒക്ടോബർ 19ന് 40000ത്തോളം പേരും ഇതിനോടകം ദർശനത്തിനായി ബുക്കിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു.

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്ന് ശബരിമലയിലെത്തും. രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തുന്ന മുഖ്യമന്ത്രിയും സംഘവും അവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ പരിശോധിക്കും.

തുടർന്ന് 10:30ഓടെ പമ്പയിൽ വച്ച് വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരും. വൈകീട്ടോടെ മല കയറി സന്നിധാനത്തെത്തുന്ന മുഖ്യമന്ത്രി അവിടുത്തെ ഒരുക്കങ്ങളും വിലയിരുത്തിയ ശേഷം ദർശനം പൂർത്തിയാക്കി രാത്രിയോടെ തന്നെ മലയിറങ്ങും.