
കൊല്ലം : ആദ്യ വിവാഹം മറച്ചുവെച്ച് യുവതിയെ വിവാഹം കഴിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ സിനിമാ പ്രവർത്തകൻ പൊലീസ് പിടിയിൽ. ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്താണ് (32) അറസ്റ്റിലായത്. കൊട്ടാരക്കര വാളകം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമാ മേഖലയിൽ പ്രൊഡക്ഷൻ മാനേജറായും അഭിനേതാവായും പ്രവർത്തിച്ചുവരികയായിരുന്നു ഇയാൾ.
2026 ജൂലൈ 12ന് ആറ്റുകാൽ ക്ഷേത്രത്തിലും തുടർന്ന് ശിവഗിരി മഠത്തിലും വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. മുൻപ് വിവാഹം കഴിച്ച് വിവാഹമോചിതനായ വിവരം മറച്ചുവെച്ചാണ് ഇന്ദ്രജിത്ത് തന്നെ വിവാഹം കഴിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹശേഷം യുവതിയുടെ 33 പവൻ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കിയതായും പരാതിയുണ്ട്. കേസിൽ വനിതാ ജനപ്രതിനിധിയടക്കം മറ്റ് രണ്ടുപേർക്കും പങ്കുണ്ടെന്ന് യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു എൻ ഡി, 13-ാം വാർഡ് മെമ്പർ രജനി മനോഷ് എന്നിവരെയാണ് കേസിൽ പ്രതി ചേർക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ ആദ്യ വിവാഹമാണിതെന്ന് കാണിച്ചുകൊണ്ട് ഇവർ വ്യാജ സാക്ഷ്യപത്രം നൽകിയെന്നാണ് ആരോപണം.