
തിരുവനന്തപുരം : കഴിഞ്ഞ മൂന്ന് മാസമായി പാസായ ബില്ലുകളുടെ തുക വൈകിപ്പിക്കുന്നതിനെ തുടർന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് കീഴിലെ പെറ്റി ജോലിയിൽ നിന്ന് വിട്ടുനിന്ന് കോൺട്രാക്ടർമാർ. വൈദ്യുതി മന്ത്രിയോടടക്കം പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമാകാത്ത സാഹചര്യത്തിലാണ് കോൺട്രാക്ടർമാർ പ്രതിഷേധത്തിലേക്ക് കടന്നത്.
ലൈൻ നിർമ്മാണം, അറ്റകുറ്റപ്പണികൾ, പുതിയ കണക്ഷനുകൾ നൽകൽ തുടങ്ങിയ കെഎസ്ഇബിയുടെ താഴെത്തട്ടിലുള്ള ജോലികൾ ഏറ്റെടുത്ത് നടത്തുന്നവരാണ് പെറ്റി കോൺട്രാക്ടർമാർ. കനത്ത മഴയിലും കാറ്റിലും വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുമ്പോൾ അതിവേഗമെത്തി പ്രശ്ന പരിഹാരമൊരുക്കുന്നതുമെല്ലാം പെറ്റി കോൺട്രാക്ടര്മാരാണ്.
പാസായ ബില്ലുകൾ പോലും വിവിധ കാരണങ്ങൾ പറഞ്ഞ് കെഎസ്ഇബി വൈകിപ്പിക്കുകയാണ്. ഒടുവിൽ പൂർത്തിയാക്കിയ പണികളുടെ ബിൽ ക്ലറിക്കൽ നടപടികൾ വേഗത്തിലാക്കാത്തതിലും പ്രതിഷേധമുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം 75ഓളം പെറ്റി കോൺട്രാക്ടർമാരാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും സ്വന്തമായി പണിയെടുക്കുന്നവരുമാണ്.
കുടിശ്ശിക നൽകുന്നത് വൈകുന്നതോടെ ഇവരുടെ ഉപജീവനമാർഗം പ്രതിസന്ധിയിലായി. കുടിശ്ശിക തുക തീർപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് കോൺട്രാക്ടർമാരുടെ തീരുമാനം.