
തിരുവനന്തപുരം : ഇൻസ്റ്റഗ്രാമിൽ 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി നിർമ്മിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പ്രായപരിശോധന ആഗോളതലത്തിൽ വ്യാപിപ്പിച്ച് മെറ്റ. 18 വയസ്സിൽ താഴെയുള്ളവർക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അക്കൗണ്ട് നിർമാണ സമയത്ത് യഥാർത്ഥ പ്രായം മറച്ചുവെച്ച് പ്രായപൂർത്തിയായവരുടേത് പോലെ അക്കൗണ്ട് ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. 13 നും 17 നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കളെ ഇൻസ്റ്റഗ്രാം സ്വയമേ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റി കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കും.
13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല. ടീൻ അക്കൗണ്ടുകൾ ഓട്ടോമാറ്റിക്കായി പ്രൈവറ്റ് അക്കൗണ്ടുകളായി മാറും. തങ്ങൾ ഫോളോ ചെയ്യുന്നവരിൽ നിന്നോ പരസ്പര ബന്ധമുള്ളവരിൽ നിന്നോ മാത്രമേ നേരിട്ടുള്ള സന്ദേശങ്ങൾ സ്വീകരിക്കാൻ സാധിക്കൂ. കൂടാതെ മോശം കമന്റുകളും മെസ്സേജുകളും സിസ്റ്റം തന്നെ ഹൈഡ് ചെയ്യുകയും ചെയ്യും.
യഥാർത്ഥ പ്രായം മറച്ചുവെക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ, ബയോയിലെ സൂചനകൾ, ജന്മദിനാഘോഷ പോസ്റ്റുകൾ, സ്കൂൾ വിവരങ്ങൾ, ഫോട്ടോകളിലെയും വീഡിയോകളിലെയും ശാരീരിക രൂപങ്ങൾ തുടങ്ങിയ വിവരങ്ങൾ എഐ വിശകലനം ചെയ്യും. യുഎസിലെ അറ്റോർണി ജനറൽമാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മെറ്റ ഈ നീക്കം വേഗത്തിലാക്കിയത്.
ഫേസ്ബുക്കിലും തുടരുന്ന ഈ സാങ്കേതികവിദ്യ ത്രെഡ്സ് ആപ്പിലും ഈ വർഷത്തോടെ നടപ്പിലാക്കും. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരുന്ന പശ്ചാത്തലത്തിലാണ് മെറ്റയുടെ നടപടി.