
തിരുവനന്തപുരം : വി എസ് അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് മനഃപൂർവ്വം ഒഴിവാക്കിയതാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം സ്വരാജ്.
വാരാന്തപ്പതിപ്പ് ഒഴിവാക്കിയിട്ടില്ലെന്നും സാങ്കേതികമായ കാരണങ്ങളാലാണ് ഞായറാഴ്ച പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പതിപ്പ് നാളത്തെ (20/07/2026) പത്രത്തോടൊപ്പം വായനക്കാരിലേക്ക് എത്തുമെന്നും സ്വരാജ് അറിയിച്ചു.
കള്ളൻ വിജയൻ എന്ന പേരിലുള്ള ഒരു ലേഖനം വാരാന്തപ്പതിപ്പിൽ ഇല്ലെന്നും ഒരടിസ്ഥാനവുമില്ലാത്ത കേട്ടുകേൾവികൾ വെച്ചാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഎസിനെപ്പോലൊരു നേതാവിനെ ഇത്തരം അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഉചിതമല്ലെന്നും സ്വരാജ് ഓർമ്മിപ്പിച്ചു. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ സ്വകാര്യ പ്രസ്സിലാണ് പത്രം അച്ചടിക്കുന്നത്.
അവിടെയുണ്ടായ യന്ത്രത്തകരാർ കാരണം കഴിഞ്ഞ രണ്ടുദിവസമായി തൊട്ടടുത്തുള്ള മറ്റൊരു ജില്ലയിലെ യൂണിറ്റിലാണ് അച്ചടി നടക്കുന്നത്. ദൂരക്കൂടുതൽ കാരണം സമയബന്ധിതമായി പത്രം അച്ചടിച്ച് വിതരണത്തിന് എത്തിക്കുന്നതിൽ വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് ഇന്നത്തെ പത്രത്തോടൊപ്പം ഉണ്ടാകില്ലെന്ന കാര്യം ദേശാഭിമാനി പത്രത്തിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിച്ചിട്ടുണ്ടെന്നും സ്വരാജ് കൂട്ടിച്ചേർത്തു. നാല് പേജുകളുള്ള പ്രത്യേക ഞായറാഴ്ച പതിപ്പിന്റെ ഒന്നാം പേജിൽ വിഎസിനെ അനുസ്മരിച്ചുകൊണ്ട് കെവി സുധാകരൻ എഴുതിയ ലേഖനമാണുള്ളത്.
പതിപ്പിന്റെ അവസാന പേജും വിഎസിനെക്കുറിച്ച് തന്നെയാണ് തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഊഹാപോഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും എം സ്വരാജ് വ്യക്തമാക്കി.