
കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി നിർദ്ദേശം നൽകി. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. സെപ്റ്റംബർ 3ന് കേസ് വീണ്ടും പരിഗണിക്കും.
2025ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച സംഭവത്തിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്ഐടി കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളിൽ നിന്നും പ്രതികൾ കുറ്റകൃത്യം ആസൂത്രണം ചെയ്തതിന്റെയും നടപ്പിലാക്കിയതിന്റെയും വ്യക്തമായ രീതി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത്, ദേവസ്വം ഭരണസമിതി അംഗങ്ങൾ, തന്ത്രി എന്നിവരെ പ്രതിയാക്കി എസ്ഐടി നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 2019ൽ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ നിശ്ചിത അളവിലും
കുറഞ്ഞ അളവിൽ മാത്രം സ്വർണ്ണം പൂശിയ നടപടി മറച്ചുവെക്കാൻ പ്രതികൾ ഗൂഢാലോചന നടത്തി. ദേവസ്വം ചട്ടങ്ങൾ കാറ്റിൽപ്പറത്തി ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളായി നടത്തിയ കൃത്യമായ പദ്ധതിയിലൂടെയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.