
ദില്ലി : ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയെ തന്തയില്ലാത്തവൻ എന്ന് വിളിച്ചതിന്റെ പേരിൽ ചുമത്തിയ പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമം തടയൽ (SC/ST) നിയമത്തിലെ വകുപ്പുകൾ സുപ്രീംകോടതി തള്ളി. ഈ വകുപ്പ് ചുമത്തിയത് ആശ്ചര്യജനകമാണ് എന്നും കോടതി നിരീക്ഷിച്ചു.
തൃശൂരിൽ നിന്നുള്ള വധശ്രമക്കേസിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിർദ്ദേശം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയെ ഹർജിക്കാരനായ സിദൻ വാൾ ഉപയോഗിച്ച് വെട്ടുകയും തന്തയില്ലാത്തവൻ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് കേസ്. കൊടകര പോലീസ് സിദനെതിരെ വധശ്രമം (IPC) അടക്കമുള്ള വകുപ്പുകൾക്കൊപ്പം SC/ST അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു.
കേസിൽ മുൻകൂർ ജാമ്യം തേടി സിദൻ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി തള്ളി. SC/ST വകുപ്പു ചുമത്തിയത് ഉൾപ്പെടെ ചോദ്യം ചെയ്ത് സിദൻ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് തന്തയില്ലാത്തവൻ എന്ന പ്രയോഗം ജാതി അധിക്ഷേപമായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ തന്നെ സിദന് മുൻകൂർ ജാമ്യം നൽകി വിട്ടയക്കാൻ സുപ്രീംകോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചു. അതെസമയം വധശ്രമത്തിനുള്ള കേസിലെ നടപടികൾ തുടരും. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, അനന്ദു എസ് നായർ, ശ്രീനാഥ് എസ്. എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്.