Banner Ads

യൂണിറ്റിന് 30 രൂപ നിരക്ക് അധികബാധ്യതയാകും; റെക്കോർഡ് വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ റെക്കോർഡ് നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കെഎസ്ഇബി. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് വേണ്ടെന്നുവെച്ചത്.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഭാവിയിൽ ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലായിരുന്നു റെക്കോർഡ് നിരക്കിൽ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും എൻടിപിസിയിൽ നിന്നും വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി മുൻപ് പദ്ധതിയിട്ടിരുന്നത്.

നിലവിൽ കേന്ദ്ര പൂളിൽ നിന്നുള്ള 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാകുമെന്ന് ഉറപ്പായിട്ടുള്ളത്. മറ്റ് ബദൽ മാർഗങ്ങൾ ഉടനടി കണ്ടെത്താനായില്ലെങ്കിൽ ഇന്ന് രാത്രിയോടെ സംസ്ഥാനത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം കടുത്ത ക്ഷാമത്തിനിടയിലും യൂണിറ്റിന് 10 രൂപ നിരക്കിൽ ബദൽ മാർഗങ്ങളിലൂടെ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ബോർഡ് തുടരുകയാണ്.