
ചെന്നൈ : ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ വൈറൽ പനിയും ശാരീരികാസ്വസ്ഥതകളും കാരണം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നു. അനാരോഗ്യത്തെ തുടർന്ന് ഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സിഎൻ അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പുഷ്പാർച്ചന ചടങ്ങിൽ സ്റ്റാലിന് പങ്കെടുക്കാൻ സാധിച്ചില്ല.
ഇന്ന് വൈകുന്നേരം നടക്കാനിരുന്ന ഡിഎംകെയുടെ വാർഷിക ആഘോഷമായ മുപ്പെരും വിഴ മാറ്റിവെച്ചതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ദ്രാവിഡ പ്രസ്ഥാനത്തിന്റെ മൂന്ന് പ്രധാന ഏടുകൾ കോർത്തിണക്കിയാണ് ഡിഎംകെ എല്ലാ വർഷവും മുപ്പെരും വിഴ ആഘോഷിക്കുന്നത്.
അണ്ണാദുരൈയുടെ ജന്മദിനവും (സെപ്റ്റംബർ 15) പെരിയാറുടെ ജന്മദിനവും (സെപ്റ്റംബർ 17) ഡിഎംകെ പാര്‍ട്ടി രൂപീകരണ ദിനവും (സെപ്റ്റംബർ 17) ഒരുമിച്ച് കൊണ്ടാടുന്നതാണ് ചടങ്ങിന്റെ പ്രത്യേകത. അണ്ണാദുരൈയുടെ പ്രതിമയിലും ഛായാചിത്രത്തിലും പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദുരൈമുരുഗൻ പരിപാടികൾ മാറ്റിവെച്ച വിവരം സ്ഥിരീകരിച്ചത്.