
കൊച്ചി: ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റ് കാലാവധിയും കഴിഞ്ഞിട്ടും സ്കൂൾ കുട്ടികളുമായി സർവീസ് നടത്തിവന്ന മഹീന്ദ്ര വാൻ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പൊന്നുരുന്നി സി.കെ.സി.എൽ.പി. സ്കൂളിലെ കുട്ടികളുമായി സർവീസ് നടത്തുകയായിരുന്ന വാഹനമാണ് എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.
തിങ്കളാഴ്ച പൊന്നുരുന്നിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഈ വാഹനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന്റെ അവസ്ഥയിൽ സംശയം തോന്നിയതിനെ തുടർന്ന് ‘വാഹൻ’ (VAHAN) ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും കാലാവധി കഴിഞ്ഞിട്ടുള്ളതാണെന്ന് വ്യക്തമായത്.
പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ഡ്രൈവർ വാഹനം വേഗത്തിൽ ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ഇതിനിടയിൽ കുട്ടികളെ സുരക്ഷിതമല്ലാതെയുള്ള സാഹചര്യത്തിൽ വഴിയിൽ ഇറക്കിവിട്ട് രക്ഷപ്പെടാൻ ഡ്രൈവർ ശ്രമിച്ചതായി വാഹനത്തിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. നിയമവിരുദ്ധമായി സ്കൂൾ സർവീസ് നടത്തിയ വാഹനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.