
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സുഹൈൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഹർജി മറ്റന്നാൾ കോടതി പരിഗണിക്കും. അതേസമയം, അപകടസമയം കാറുകൾ മത്സരയോട്ടം നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്.
മദ്യലഹരിയിൽ വാഹനോടിച്ച് അപകടമുണ്ടാക്കിയ കേസിൽ സുഹൈൽ സജീവും കൂട്ടാളികളായ നിനവ്, ജോയാൽ എന്നിവരും നിലവിൽ റിമാൻഡിലാണ്. എറണാകുളം റൂറൽ പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപകടസമയത്ത് സുഹൈൽ സജീവും കൂടെയുണ്ടായിരുന്ന നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിലാണ് സുഹൈൽ കാറോടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ധനശേഷിയും വലിയ സ്വാധീനവുമുള്ള പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. അപകട സമയത്ത് കാറുകൾ തമ്മിൽ മത്സരയോട്ടം നടത്തിയിരുന്നോ എന്ന കാര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ട്.എഫ്.ഐ.ആറിൽ പ്രതിയുടെ പേരില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് വ്യക്തമാക്കി.
നിയമപ്രകാരം കോടതി തന്നെയാണ് പ്രതിയെ ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തതെന്നും അധികൃതർ അറിയിച്ചു. കേസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.