
കണ്ണൂർ : ആർഎസ്എസിനെയും പൊലീസിനെയും വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ക്ഷേത്രങ്ങൾ മദ്യപിക്കുന്നവരുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും ഇടമല്ലെന്നും ആർഎസ്എസ് ആണെന്ന് കരുതി ക്ഷേത്രങ്ങളിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞു.
വേങ്ങാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് പോകുന്ന കുട്ടികളെ ആർഎസ്എസ് ശാഖയിലേക്ക് ആകൃഷ്ടരാക്കുകയാണെന്നും ഇത് അവരുടെ സ്വഭാവം മാറ്റുമെന്നും രാഗേഷ് പറഞ്ഞു.
കൃഷ്ണനാകാൻ പോകുന്ന കുട്ടികളെ ആർഎസ്എസ് കംസന്മാരാക്കുകയാണ്. ആർഎസ്എസ് വല്ലാതെ കളിക്കാൻ നിൽക്കേണ്ടെന്നും ആക്രമിക്കാൻ വന്നാൽ സാത്വിക നിലപാട് സ്വീകരിക്കില്ലെന്നും രാഗേഷ് വ്യക്തമാക്കി. പൊലീസ് ആർഎസ്എസിന് ഒത്താശ ചെയ്യുകയാണെന്ന് രാഗേഷ് ആരോപിച്ചു.
ആയുധങ്ങളുമായി സംഘടിക്കുന്ന ആർഎസ്എസുകാരെ നീക്കം ചെയ്യാൻ തയ്യാറാകാത്ത പൊലീസ് സിപിഎം പ്രതിഷേധങ്ങൾക്ക് മൈക്ക് അനുമതി നിഷേധിക്കുകയാണ്. ലാത്തിയും തോക്കും വലിച്ചെറിഞ്ഞ് പൊലീസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതെന്നും പൊലീസ് പൊലീസിന്റെ പണിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.