Banner Ads

സബ്‌സ്റ്റേഷനിൽ സാങ്കേതിക തകരാർ; തൃശ്ശൂർ മെഡിക്കൽ കോളേജിൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവെച്ചു

തൃശ്ശൂർ : തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം. ഇന്നലെ രാത്രി 10 മണിയോടെയാണ് ആശുപത്രിയിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.

നിലവിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. ആശുപത്രിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സബ്‌സ്റ്റേഷനിലെ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ദിവസേന ശരാശരി 24ഓളം ശസ്ത്രക്രിയകൾ നടക്കുന്ന തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവെച്ചത് നിരവധി രോഗികളെയും ബന്ധുക്കളെയും ദുരിതത്തിലാക്കിയിട്ടുണ്ട്. തൃശ്ശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് രോഗികളാണ് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്.