
കൊച്ചി : രാജ്യാതിർത്തി കടന്ന് അനധികൃത ചൈനീസ് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ കേരളത്തിലെ വിപണികളിൽ എത്തുന്നതായി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ കണ്ടെത്തൽ. മലപ്പുറം ഡ്രഗ്സ് കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ വിൽപ്പനയ്ക്ക് എത്തിച്ച ടിവൈഎ ഫാഷൻ കോസ്മെറ്റിക്സിന്റെ 14 ഇനം ചൈനീസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
വിദേശ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആവശ്യമായ യാതൊരുവിധ അംഗീകൃത സർട്ടിഫിക്കറ്റുകളോ രേഖകളോ ഇവയ്ക്കില്ലെന്ന് പരിശോധനയിൽ വ്യക്തമായി. വിൽപ്പന മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് വിപണിയിൽ എത്തിച്ചിരുന്നത്.
അതേസമയം മലപ്പുറത്ത് വൃക്കരോഗം ബാധിച്ച പെൺകുട്ടി ഉപയോഗിച്ചതായി കണ്ടെത്തിയ മെർക്കുറി കലർന്ന എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. ക്രീമിന്റെ പാക്കറ്റിൽ നൽകിയിരുന്ന കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വൃക്കരോഗം ബാധിച്ച പെൺകുട്ടിയുമായി ബന്ധപ്പെട്ടിരുന്നതും ഇതേ നമ്പറിൽ നിന്നാണ്. സിം കാർഡ് ഉടമയായ കാസർകോട്ടെ സ്ത്രീക്ക് പൊലീസ് ഇന്ന് നോട്ടീസ് നൽകും. മാരകമായ അളവിൽ മെർക്കുറി അടങ്ങിയ ക്രീമുകൾ വിൽക്കുന്ന കാസർകോട്, മംഗളൂരു എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.