Banner Ads

‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി സ്ലാബ്’: അതൃപ്തി പരസ്യമാക്കി വി.എം. സുധീരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ നികുതി സ്ലാബ് ഏർപ്പെടുത്തിയതിലുള്ള തന്റെ അതൃപ്തി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വീണ്ടും പരസ്യമാക്കി.നിയമസഭയിൽ ഈ നിർദേശം കൊണ്ടുവരുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും യു.ഡി.എഫിലും (UDF) ഇത് ചർച്ച ചെയ്യണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മുൻകൂട്ടി ചർച്ച ചെയ്ത് ഒരു പൊതുനയം രൂപീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു.

മദ്യത്തിന്റെ വ്യാപനം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിർഭാഗ്യവശാൽ, സമൂഹത്തിൽ ഇതുണ്ടാക്കിയ സംശയങ്ങളും ആശങ്കകളും ഇപ്പോഴും നിലനിൽക്കുകയാണ്. അതിനാൽ ധനബില്ല്  അവതരിപ്പിക്കുമ്പോൾ ഈ നിർദേശം പൂർണ്ണമായും ഒഴിവാക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകരുത്.

കാര്യങ്ങൾ സുതാര്യമായും തുറന്നുപറഞ്ഞും, വിവാദങ്ങൾ ഇല്ലാതെ വേണമായിരുന്നു മുന്നോട്ട് കൊണ്ടുപോകാൻ. അതേസമയം, മയക്കുമരുന്ന് വേട്ടയുടെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എൽ.ഡി.എഫിനെതിരെയുള്ള  വിമർശനങ്ങളിൽ സ്വീകരിച്ച അതേ നിലപാടിൽ തന്നെ ഇപ്പോഴും ഉറച്ചുനിൽക്കണം. കരിമണൽ ഖനന നയത്തിലും നിലവിൽ വലിയ അവ്യക്തതയുണ്ട്. സംസ്ഥാനത്ത് കരിമണൽ ഖനനം ഉണ്ടാവില്ലെന്ന് സർക്കാർ കൃത്യമായി പ്രഖ്യാപിക്കണമെന്നും വി.എം. സുധീരൻ ആവശ്യപ്പെട്ടു.