
വൈക്കം: നഗരസഭയിലെ ബിജെപി അംഗങ്ങളുടെ വാർഡുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിൽ നാടകീയ രംഗങ്ങൾ. നഗരസഭയിലെ ക്ലീൻ സിറ്റി ആരോഗ്യവിഭാഗം ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെ പുറത്തിറക്കി ഓഫീസ് മുറി ബിജെപി കൗൺസിലർമാർ അടച്ചുപൂട്ടി. പലതവണ പരാതി നൽകിയിട്ടും നഗരസഭാ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു അപ്രതീക്ഷിതമായി അടച്ചുപൂട്ടൽ സമരം നടത്തിയത്.
വൈക്കം നഗരസഭയിലെ മാലിന്യ നീക്കം മാസങ്ങളായി പൂർണ്ണമായി മുടങ്ങിയിരിക്കുകയാണെന്നാണ് കൗൺസിലർമാരുടെ ആരോപണം. ബിജെപി കൗൺസിലർമാർ പ്രതിനിധീകരിക്കുന്ന 7, 9, 20 എന്നീ വാർഡുകളിലെ റോഡരികുകളിൽ ഓടയിൽ നിന്നും കോരിവെച്ച മാലിന്യങ്ങൾ ഉൾപ്പെടെ കുന്നുകൂടി കിടക്കുകയാണ്. മാസങ്ങൾക്ക് മുൻപ് കോരിയിട്ട മാലിന്യങ്ങളിൽ പുല്ലും ചെടികളും വളർന്ന് വഴിപോക്കർക്കും വാഹനങ്ങൾക്കും അപകടകരമായ രീതിയിലാണ് നിലവിലുള്ളത്.നഗരസഭാ ചെയർമാനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരവധി തവണ ഈ വിഷയം നേരിട്ട് ബോധിപ്പിച്ചിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ലെന്ന് ബിജെപി കൗൺസിലർമാർ ആരോപിച്ചു.
നഗരസഭാ ചെയർമാൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ബിജെപി വാർഡുകളോട് ബോധപൂർവ്വം അവഗണന കാണിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ ഓഫീസിൽ നിന്നും ഇറക്കിവിട്ട് പ്രതിഷേധിക്കേണ്ടി വന്നതെന്ന് കൗൺസിലർമാർ വ്യക്തമാക്കി.ബിജെപി കൗൺസിലർമാരായ എം.കെ. മഹേഷ്, ആർ. അനീഷ്, വി. അമ്പിളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നഗരസഭയിലെ ഈ ശക്തമായ പ്രതിഷേധ സമരം.