
കോഴിക്കോട്: ട്രെയിനിൽ ചാർജ് ചെയ്യാനിട്ട യാത്രക്കാരന്റെ 1.5 ലക്ഷം രൂപ വിലവരുന്ന ഐഫോൺ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണനെയാണ് (27) കോഴിക്കോട് റെയിൽവേ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുർ എക്സ്പ്രസിലെ ബർത്തിൽ യാത്രക്കാരൻ ചാർജ് ചെയ്യാനായി വെച്ച ഐഫോൺ ആണ് പ്രതി മോഷ്ടിച്ചത്.ഹരികൃഷ്ണൻ കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൊബൈൽ ഫോൺ മോഷണം, സ്വർണ്ണക്കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹരിമരുന്ന് ഉപയോഗിച്ചുള്ള അക്രമം, ബൈക്ക് മോഷണം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
കാപ്പാ നിയമം ലംഘിച്ച ശേഷമാണ് പ്രതി വീണ്ടും മോഷണത്തിനിറങ്ങിയത്.റെയിൽവേ പോലീസ് കേസെടുത്തതിനെ തുടർന്ന് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.