Banner Ads

കണ്ണൂരിൽ തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്തു; നൂറോളം കോഴികൾ ചത്ത നിലയിൽ

കണ്ണൂർ : പാനൂർ ചമ്പാട് അരയാക്കൂലിൽ തെരുവുനായ ശല്യം രൂക്ഷം. അരയാക്കൂലിലെ ജൈവകർഷകനായ പച്ചോൾ സതീശന്റെ കോഴിവളർത്തൽ കേന്ദ്രത്തിൽ പുലർച്ചെ തെരുവുനായ്ക്കൾ നടത്തിയ ആക്രമണത്തിൽ നൂറോളം നാടൻ കോഴികൾ ചത്തു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നായ്ക്കൾ കോഴിക്കൂട് തകർത്ത് അകത്തുകടന്നത്.

ആക്രമണത്തിൽ ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സതീശൻ പറഞ്ഞു. രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയപ്പോഴാണ് കോഴികളെ ചത്ത നിലയിൽ കണ്ടത്. പല കോഴികളുടെയും ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. പ്രതിദിനം ഏകദേശം എഴുപതോളം മുട്ടകൾ ലഭിച്ചിരുന്ന സതീശന്റെ പ്രധാന വരുമാനമാർഗ്ഗമാണ് നിലച്ചത്.

സംഭവമറിഞ്ഞ് വെറ്ററിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതായും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുമെന്നും ദിവ്യ അറിയിച്ചു. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.