
തിരുവനന്തപുരം : ചാന്നാങ്കരയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിയും മത്സ്യക്കച്ചവടക്കാരിയുമായ മെഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മെഴ്‌സിയുടെ മകളുടെ മകനായ ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെയുണ്ടായ തർക്കത്തിനൊടുവിൽ ഷിബിൻ മെഴ്‌സിയുടെ കഴുത്തറുക്കുകയായിരുന്നു.
കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ അമ്മൂമ്മയെ കൊലപ്പെടുത്തിയ വിവരം സമീപവാസികളോട് പറയുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്ത് വച്ച് പോലീസ് പിടികൂടി. മെഴ്‌സിയുടെ മരണം ഉറപ്പാകാതിരുന്നതിനാൽ കഠിനംകുളം പോലീസ് ഉടൻ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.