Banner Ads

സ്‌കൂൾ കായിക മാമാങ്കത്തിന് ഇന്ന് തിരശീല വീഴും: സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായിക മാമാങ്കത്തിന് ഇന്ന് സമാപനം. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ 2004 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

951 പോയിന്റുമായി തൃശൂർ രണ്ടാമതും 887 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. അതേസമയം അത്‌ലറ്റിക്‌സ് ട്രാക്കിലും ഫീൽഡിലും മലപ്പുറത്തിന്റെ ആധിപത്യമാണ് പ്രകടമായത്. 16 സ്വർണ്ണവും 20 വെള്ളിയും 16 വെങ്കലവും അടക്കം 168 പോയിന്റോടെ അത്‌ലറ്റിക്‌സിൽ മലപ്പുറം ഒന്നാമതായി കുതിപ്പ് തുടരുന്നു.

128 പോയിന്റോടെ (12 സ്വർണ്ണം, 15 വെള്ളി, 13 വെങ്കലം) പാലക്കാട് രണ്ടാം സ്ഥാനത്തും, 88 പോയിന്റോടെ (10 സ്വർണ്ണം, 10 വെള്ളി, 9 വെങ്കലം) തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. സ്‌കൂൾ തലത്തിൽ 71 പോയിന്റോടെ മലപ്പുറം ഐഡിയൽ കടകശ്ശേരിയാണ് അത്‌ലറ്റിക്‌സിൽ ഒന്നാമത്. മേളയിലെ ആദ്യ ട്രിപ്പിൾ സ്വർണ്ണനേട്ടം പാലക്കാടിന്റെ നിവേദ്യ കലാധർ സ്വന്തമാക്കി.

സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ സ്വർണം നേടിയതോടെയാണ് നിവേദ്യ ഈ കായികമേളയിലെ ആദ്യ ട്രിപ്പിൾ സ്വർണ്ണമണിഞ്ഞത്. 400, 1500 മീറ്ററുകളിലും താരം നേരത്തെ സ്വർണം നേടിയിരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് നിവേദ്യ കായികമേളയിൽ ട്രിപ്പിൾ നേട്ടം കൊയ്യുന്നത്.