
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം മുതൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കകൾ നിലനിൽക്കെ വിഷയം പരിഹരിക്കാൻ തീവ്രശ്രമത്തിലാണ് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ലോഡ്ഷെഡിങ് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും കിട്ടാവുന്നിടത്തുനിന്നെല്ലാം വൈദ്യുതി വാങ്ങാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ദില്ലിയിൽ തണുപ്പ് കാലമാകുമ്പോൾ വൈദ്യുതി ഉപയോഗം കുറയുമെന്നും ഇത് കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ സഹായിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സോളാർ ബാറ്ററികളുടെ ലഭ്യതക്കുറവാണ് സോളാർ പവർ സ്റ്റേഷനുകളുടെ ഉദ്ഘാടനം വൈകാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
പാർട്ടിയിൽ മുഴുവൻ സമയ പ്രസിഡന്റ് ഇല്ലാത്ത കാര്യത്തെക്കുറിച്ച് താനാണ് ആദ്യം സംസാരിച്ചതെന്നും താൻ പറഞ്ഞ കാര്യങ്ങളാണ് മുല്ലപ്പള്ളി പിന്നീട് ഉദ്ധരിച്ചതെന്നും മന്ത്രി പറഞ്ഞു. നിലവിൽ കോൺഗ്രസിൽ യാതൊരു സ്തംഭനവുമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.