
കൊച്ചി : മതപരമായ സന്യാസജീവിതം സ്വീകരിച്ചതിന്റെ പേരിൽ ഒരാൾക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. ആചാരങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും മുകളിലാണ് നിയമനിർമ്മാണ സഭ പാസാക്കിയ നിയമങ്ങളെന്ന് കോടതി വ്യക്തമാക്കി.
കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 3.295 ഏക്കർ കുടുംബഭൂമിയുടെ നഷ്ടപരിഹാരത്തുക വീതംവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജസ്റ്റിസ് ജി ഗിരീഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. കന്യാസ്ത്രീയായ സഹോദരിക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന വാദവുമായി 66കാരനായ സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്.
സന്യാസജീവിതം സ്വീകരിച്ചതിലൂടെ ലൗകിക ജീവിതം ഉപേക്ഷിച്ചയാൾക്ക് സ്വത്തിൽ അവകാശമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഭൂമി ഏറ്റെടുത്ത വകയിൽ ലഭിച്ച നഷ്ടപരിഹാരത്തുക ഹർജിക്കാരൻ ഉൾപ്പെടെയുള്ള ആറ് മക്കൾക്കും തുല്യമായി വീതിച്ചുനൽകാൻ കോഴിക്കോട് ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയത്.
എന്നാൽ മാതാപിതാക്കളുടെ വീട് ഉപേക്ഷിച്ച് സന്യാസത്തിൽ ചേർന്നതുകൊണ്ട് മാത്രം കുടുംബവുമായുള്ള വൈകാരിക ബന്ധം ഇല്ലാതാകുമെന്ന് കരുതാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാരൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്.