
കോഴിക്കോട് : മാവൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പുഴുവരിച്ച നിലയിലുള്ള പതിനാറായിരത്തോളം ചീമുട്ടകൾ പിടിച്ചെടുത്തു. മാവൂർ ഫയർ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ മുട്ട വിതരണ കേന്ദ്രത്തിലെ രണ്ട് കടമുറികളിൽ നിന്നാണ് കോഴിമുട്ടകൾ കണ്ടെത്തിയത്.
കോഴിക്കോട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ഡോ ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊട്ടിയതും കേടായതുമായ മുട്ടകൾ ശീതീകരിച്ച മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ബേക്കറികളിലേക്കും മറ്റ് ഭക്ഷ്യനിർമ്മാണ ശാലകളിലേക്കും വിതരണം ചെയ്യുന്നതിനായാണ് ഇത്തരത്തിൽ സൂക്ഷിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത മുട്ടകൾ നശിപ്പിക്കാനുള്ള നടപടികൾ ഭക്ഷ്യസുരക്ഷാ വിഭാഗം ആരംഭിച്ചിട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന മുട്ടകളിൽ കേടായവ ജീവനക്കാരെ ഉപയോഗിച്ച് തരംതിരിച്ച് തിരിച്ചയക്കാറാണ് പതിവെന്ന് കടയുടമ റഫീക്ക് പറഞ്ഞു. പുറത്തുവെച്ചാൽ രൂക്ഷമായ ദുർഗന്ധം ഉണ്ടാകുമെന്നതിനാലാണ് കേടായ മുട്ടകൾ ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.