
കൊച്ചി : ബലാത്സംഗ കേസിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കോടതിയിൽ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്വേഡ് രാഹുൽ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
പാസ്വേഡ് നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ നൽകിയ അപ്പീലിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഫോണിന്റെ പാസ്വേഡ് നൽകാൻ രാഹുൽ നിയമപരമായി ബാധ്യസ്ഥനാണെന്നും ഇക്കാര്യത്തിൽ ഭരണഘടനാപരമായ പരിരക്ഷ അവകാശപ്പെടാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഫോണിന്റെ പാസ്വേഡ് കൈമാറുന്നതിൽ പ്രതിക്ക് ഭരണഘടനാപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടോ എന്ന നിയമപ്രശ്നം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തത്.