
കണ്ണൂർ : പയ്യന്നൂരിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ.
ഒന്നാം പ്രതി ടിപി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതിയും വിപിന്റെ സഹോദരനുമായ എം വൈശാഖ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെഎൻ പ്രശാന്ത് ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് പുറമെ മറ്റ് വകുപ്പുകളിലായി അഞ്ച് വർഷവും നാല് മാസവും തടവുശിക്ഷ കൂടി കോടതി വിധിച്ചിട്ടുണ്ട്.
ഈ ശിക്ഷ ആദ്യം അനുഭവിച്ച ശേഷം വേണം ജീവപര്യന്തം കഠിനതടവ് അനുഭവിക്കാൻ എന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. പിഴത്തുകയായ 15 ലക്ഷം രൂപ ധനരാജിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മക്കൾക്കുമായി നൽകണമെന്നാണ് കോടതിയുടെ നിർദേശം. പിഴ അടച്ചില്ലെങ്കിൽ അഞ്ച് വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതികൾക്കെതിരെ മറ്റ് നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ശിക്ഷാവിധിയിൽ പ്രോസിക്യൂഷൻ തൃപ്തി അറിയിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി കെ ശ്രീധരൻ വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷം കേസിൽ വെറുതെ വിട്ട 16 പ്രതികൾക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അറിയിച്ചു. 2016 ജൂലൈ 11ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ പിന്തുടർന്നെത്തിയ അക്രമിസംഘം രാമന്തളി കുന്നരു കാരന്താട്ടെ വീടിന് മുന്നിൽവെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽ വെച്ചായിരുന്നു ആക്രമണം. 20 പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണയ്ക്കിടെ കൊല്ലപ്പെടുകയും തെളിവുകളുടെ അഭാവത്തിൽ 16 പേരെ തിങ്കളാഴ്ച കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.