Banner Ads

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ യെല്ലോ അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. അതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 8.30 മുതൽ നാളെ രാത്രി 8.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളില്‍ ഇന്ന് പകല്‍ 5.30 മുതല്‍ വൈകുന്നേരം 05.30 വരെ 1.4 മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.