
ബെംഗളൂരു : മാലിന്യ സംസ്കരണത്തിന് കിലോയ്ക്ക് അഞ്ച് രൂപ നിരക്കിൽ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽഷേധിച്ച് ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ അടച്ചിടും. കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കടകൾ അടച്ചിട്ടുള്ള സമര പ്രഖ്യാപനം.
നഗരത്തിലെ മാലിന്യ സംസ്കരണ ചുമതലയുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ്, കോർപ്പറേഷൻ എന്നിവയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ബെംഗളൂരുവിൽ ആറായിരത്തിലേറെ ചിക്കൻ ഷോപ്പുകളിലായി പ്രതിദിനം ഏഴ് ലക്ഷത്തിലധികം കിലോ ചിക്കനാണ് വിറ്റഴിക്കപ്പെടുന്നത്.
ഇതിലൂടെ ദിവസംതോറും രണ്ടു മുതൽ മൂന്ന് ലക്ഷം കിലോ വരെ കോഴി മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. നിലവിൽ ഈ മാലിന്യങ്ങൾ ശേഖരിക്കുന്ന ബിഎസ്ഡബ്ല്യുഎംഎൽ ഇനി മുതൽ ഒരു കിലോ മാലിന്യത്തിന് അഞ്ച് രൂപ നിരക്കിൽ പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടതാണ് കടയുടമകളെ ചൊടിപ്പിച്ചത്.
ദിവസേന 30 കിലോ കോഴി വേസ്റ്റ് പുറന്തള്ളുന്ന ഒരു ചെറിയ കട ഉടമപോലും പ്രതിമാസം 4500 രൂപയോളം കോർപ്പറേഷന് നൽകേണ്ടി വരും. നഗരത്തിലെ മുഴുവൻ കടകളിൽ നിന്നുമായി പ്രതിദിനം 9 ലക്ഷത്തോളം രൂപയും മാസം 2.7 കോടി രൂപയോളവും കോർപ്പറേഷൻ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.