Banner Ads

പാങ്ങാപ്പാറ അഭിറാം കൊലക്കേസ്: രണ്ടാം പ്രതിയുടെ പെൺസുഹൃത്തും കസ്റ്റഡിയിൽ; ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങാപ്പാറ അഭിറാം കൊലപാതകക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തായ 22കാരിയെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവർക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും.

അതേസമയം പ്രതികളുടെ വീടുകളിൽ പോലീസ് വിശദമായ പരിശോധന നടത്തി. 16 അംഗ പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുള്ള നിരവധി ചാറ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതായി സൈബർ സെൽ കണ്ടെത്തി.

ഈ അക്കൗണ്ട് അഭിറാം മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാനും ആ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചു. അഭിറാമിന്റെ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

സ്‌കൂബ ഡൈവിംഗ് ടീം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായിരുന്നില്ല. ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താൻ കൂടുതൽ പോലീസിനെ വിന്യസിച്ച് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കും. പ്രതികൾ ഇരട്ടക്കൊലപാതകത്തിനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇവർ ലക്ഷ്യമിട്ട രണ്ടാമത്തെ ആളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്താൻ അഭിറാമിന് കഴിയാതിരുന്നതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മർദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് കരുതപ്പെടുന്നു. സംഭവദിവസം അഭിറാം വീട്ടിൽനിന്ന് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.