Banner Ads

ധനരാജ് വധക്കേസ്: സർക്കാർ അപ്പീൽ നൽകണമെന്ന് എം വി ജയരാജൻ; അതിക്രൂര കൊലപാതകമെന്ന് കോടതി

കണ്ണൂർ : സി വി ധനരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് പുറമെ വെറുതെ വിട്ടവർക്കെതിരെയും സർക്കാർ അപ്പീൽ നൽകണമെന്നും ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും സിപിഐഎം നേതാവ് എം വി ജയരാജൻ. മുഖ്യപ്രതികളായ മൂന്ന് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിലൂടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് വ്യക്തമാകുന്നുണ്ടെന്നും വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. തെളിവ് ഫോട്ടോകൾ കൂടി ചൂണ്ടിക്കാട്ടിയാണ് ജഡ്ജി സംഭവത്തിന്റെ ഭീകരത വിവരിച്ചത്. സ്വന്തം വീട്ടിൽ വെച്ച് മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തിൽ ധനരാജിന്റെ ശരീരത്തിൽ 37 മുറിവുകളാണുണ്ടായത്. ഇറച്ചിവെട്ടുന്ന കടയിൽ പോലും ഇത്രയധികം മുറിവുകൾ ഉണ്ടാകില്ലെന്നും കൊല്ലാൻ ഒരു വെട്ട് മതിയല്ലോ എന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് വയസ്സുകാരനായ മകൻ ഉറങ്ങുന്ന മുറിയുടെ ചുമരിലേക്കാണ് രക്തം തെറിച്ചതെന്നും ഇത് മോഷണമോ പിടിച്ചുപറിയോ അല്ലെന്നും കോടതി വ്യക്തമാക്കി. വാദത്തിനിടെ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ തർക്കമുണ്ടായി. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടതില്ലെന്ന് കോടതി അഭിഭാഷകനോട് വ്യക്തമാക്കി.

അതേസമയം കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാനാകില്ലെന്നും അതിനാൽ വധശിക്ഷ ഉണ്ടാകില്ലെന്നും വ്യക്തമാക്കിയ കോടതി ശിക്ഷയിൽ മറ്റ് ദാക്ഷിണ്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും മുന്നറിയിപ്പ് നൽകി. കേസിൽ മറ്റന്നാളായിരിക്കും ശിക്ഷ വിധിക്കുക. വീടിന് മുന്നിൽ വെച്ചാണ് ധനരാജിനെ കൊലപ്പെടുത്തിയത്. കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

സെഷൻസ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയിൽ നിന്നാണ് വിധിയുണ്ടായിരിക്കുന്നത്. അതിനാൽ അപ്പീൽ നൽകേണ്ടത് സർക്കാരാണ്. ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.