Banner Ads

26 ദിവസത്തിനിടെ 23000ത്തിലധികം ഡ്രങ്ക് & ഡ്രൈവ് കേസുകൾ: സംസ്ഥാനത്ത് പരിശോധന കടുപ്പിച്ച് പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പോലീസ് നടത്തുന്ന പ്രത്യേക പരിശോധന ശക്തമാകുന്നു. 26 ദിവസത്തിനുള്ളിൽ 23040 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 13 മുതൽ ഇന്ന് രാവിലെ 7 മണി വരെയുള്ള കണക്കുകളാണിത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്റെ നിർദ്ദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായി പോലീസ് പ്രത്യേക പരിശോധന നടത്തിയത്.

2762 കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം റൂറൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രേഖപ്പെടുത്തിയത്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്നും അതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്തുടനീളം വാഹന പരിശോധന ശക്തമായി തുടരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.