Banner Ads

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീവ്ര ന്യൂനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി കരതൊട്ടേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര ജാഗ്രതാ നിർദേശം നൽകി. തെക്കൻ അറബിക്കടലിൽ കേരള തീരത്തോടടുത്തുള്ള ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് നിലവിലുള്ള ശക്തമായ മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്.

ഇത് കൂടുതൽ ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും. ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ (വിശാഖപട്ടണത്തിനും ബാപട്‌ലക്കും ഇടയിൽ) മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ ഇത് കരതൊടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ നഗരപ്രദേശങ്ങളിലടക്കം കനത്ത മഴ തുടരുകയാണ്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായിട്ടുണ്ട്.