
കൊച്ചി : നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കമ്പനികൾ അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഓൺലൈൻ ടാക്സി തൊഴിലാളികൾ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. കേരള സവാരി,റാപ്പിഡോ കമ്പനികളിലെ തൊഴിലാളികളാണ് സമരം പിന്‍വലിച്ചത്.
അതേസമയം, ഊബർ ടാക്സി ഡ്രൈവർമാർ സമരം തുടരുമെന്ന് സംയുക്ത സമിതി അറിയിച്ചു. കൊച്ചിയിൽ ഊബർ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മിനിമം നിരക്ക് വർധിപ്പിക്കണമെന്ന ഡ്രൈവർമാരുടെ ആവശ്യം അംഗീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.
ഊബർ അധികൃതരുമായി തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും. ആവശ്യങ്ങൾ അംഗീകരിക്കും വരെ ഊബറിനെതിരെയുള്ള സമരം ശക്തമായി തുടരുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.
നിരക്ക് പരിഷ്കരിക്കുക, ബൈക്ക് ടാക്സികൾ അവസാനിപ്പിക്കുക, ഡ്രൈവർമാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുക, മുൻകൂട്ടി അറിയിപ്പില്ലാതെ ഐഡി ബ്ലോക്ക് ചെയ്യുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്.