
കാസർകോട് : ഫോണിലൂടെ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചെന്ന പരാതിയിൽ എസ്‌എഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ തത്ക്കാലം സംഘടനാനടപടി വേണ്ടെന്ന് തീരുമാനം. തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടെന്നാണ് എസ്‌എഫ്‌ഐ ഫ്രാക്ഷൻ യോഗത്തിൽ ഉണ്ടായ ധാരണ.
അതേസമയം പരാതി നൽകിയ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പാർട്ടി നേതൃത്വം. എസ്‌എഫ്‌ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വാട്‌സ്ആപ്പ് വഴി നിരവധി തവണ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി.
രണ്ട് മാസം മുമ്പ് തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എംവി രാജഗോപാലിന് പരാതി നൽകിയത്. വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.