
തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൽഡിഎഫ് സർക്കാർ പദ്ധതിയുടെ ഭാഗമായി ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എസ്എസ്കെ ഫണ്ട് മാത്രമാണ് വാങ്ങിയത്.
എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സമഗ്ര ശിക്ഷാ കേരളം ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. അല്ലാതെ പിഎംശ്രീ പദ്ധതി നടപ്പിലാക്കാൻ ഒരു നീക്കവും നടത്തിയിട്ടില്ല. പദ്ധതിയുടെ ആദ്യപടി എന്നോണം സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അങ്ങനെയൊരു പട്ടിക നൽകിയിട്ടില്ല.
കാര്യം മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. പിഎംശ്രീ പദ്ധതിയുടെ ഭാഗമാകില്ലെന്ന് കാണിച്ച് ആദ്യം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് ഇതിന്റെ തുടർനടപടികൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ട് രണ്ടാമതും കത്തയച്ചു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.
മുൻ എൽഡിഎഫ് സർക്കാർ കരാർ ഒപ്പിട്ട് പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പഠിക്കാൻ പുതിയ മന്ത്രിസഭാ ഉപസമിതി വരുന്നതിൽ തെറ്റില്ല. പച്ചക്കള്ളം പ്രചരിപ്പിച്ച് മുൻ സർക്കാരിനെ അനാവശ്യമായി പഴിചാരാൻ നോക്കേണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.