Banner Ads

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയുടെ ആത്മഹത്യ; നാല് അധ്യാപകർക്ക് സസ്പെൻഷൻ

കൊല്ലം : അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കിയതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയും സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർത്ഥിയുമായ അഹമ്മദ് നജാദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നജാദിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപകർ നജാദിനെ മാനസികമായി പീഡിപ്പിക്കുകയും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു. ഇതിൽ മനംനൊന്താണ് നജാദ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി.

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ആരോപണവിധേയരായ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.