Banner Ads

പതാക ഉയർത്താൻ ഇരുമ്പ് പൈപ്പ് സ്ഥാപിക്കവേ അപകടം; അധ്യാപകന് ദാരുണാന്ത്യം, മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബാലാസോർ : സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങൾക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അധ്യാപകന് ദാരുണാന്ത്യം. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒഡീഷയിലെ ബാലാസോർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് അപകടം നടന്നത്. സ്കൂളിലെ കായിക അധ്യാപകനായ പ്രിയവ്രത ബെഹറയാണ് മരിച്ചത്.

സ്വാതന്ത്ര്യദിന പതാക ഉയർത്തുന്നതിനായി തറയിൽ ഇരുമ്പ് പൈപ്പ് കൊടിമരമായി സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പൈപ്പ് ഉയർത്തുന്നതിനിടെ അബദ്ധത്തിൽ സ്കൂളിന് മുകളിലൂടെ കടന്നുപോകുന്ന ഹൈടെൻഷൻ ലൈനിൽ തട്ടുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് ഷോക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി അധ്യാപകന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.