
കൊച്ചി : ദേശീയപാത 66ൽ നാട്ടികയിലെ ടോൾപിരിവ് തടയണമെന്ന ആവശ്യത്തിൽ ഇടക്കാല സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ പൂർത്തിയാകും വരെ ടോൾപിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചത്.
വിഷയത്തിൽ നാഷണൽ ഹൈവേ അതോറിറ്റി, തൃശൂർ ജില്ലാ കളക്ടർ എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ടോൾ പിരിക്കണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചത്. പദ്ധതി പ്രദേശത്തെ 60 കിലോമീറ്ററിൽ 51 കിലോമീറ്റർ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഇനി വെറും 9 കിലോമീറ്റർ മാത്രമാണ് പൂർത്തിയാകാനുള്ളത്.
കേന്ദ്ര വിജ്ഞാപനപ്രകാരം പ്രവൃത്തി പൂർത്തിയായ 51 കിലോമീറ്റർ ദൂരത്തിന് ടോൾ പിരിക്കാൻ നിയമപരമായ അർഹതയുണ്ട്. അതിനാൽ ടോൾപിരിവ് തടയാനാകില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. നാട്ടികയിലെ പ്രദേശവാസികൾക്ക് മാത്രമാണ് നിലവിൽ ആശങ്കയുള്ളതെന്നും എന്നാൽ അവർക്കായി പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞു.