നെടുങ്കണ്ടം: ഡോക്ടർമാരില്ലത്തതിനാൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രി പ്രവർത്തനം മന്ദഗതിയിൽ.മിനി മെഡിക്കൽ കോളജ് നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കെട്ടിട നിർമാണം നടത്തുന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കാണ് ഈ ദുർഗതി. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന തിങ്കളാഴ്ച ഒരു ഫിസിഷ്യൻ പോലുമുണ്ടായിരുന്നില്ല. വിവിധ രോഗങ്ങളാൽ ആശുപത്രിയിലെത്തിയവരെല്ലാം മടങ്ങിപ്പോകുകയാണുണ്ടായത്.
ദിനേന 700ഓളം പേർ ഒപിയിൽ ചികിത്സതേടി എത്തുന്ന ഇവിടെ തിങ്കളാഴ്ച ജനറൽ മെഡിസിനിൽ ഒരു താൽക്കാലിക വനിത ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. അവിടെ രോഗികളാവട്ടെ 200ഓളം പേർ. കൂടാതെ ശിശുരോഗ വിഭാഗം, ഡെന്റൽ, ഇ.എൻ.ടി വിഭാഗത്തിലും ഓരോ ഡോക്ടർമാർ മാത്രമാണ് തിങ്കളാഴ്ച ഉണ്ടായിരുന്നത്. മൂന്ന് പീഡിയാട്രീഷൻമാർ വേണ്ടിടത്ത് നിലവിൽ ഒരാളാണുള്ളത്. അദ്ദേഹം അവധിക്കു ശേഷം തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്.
മറ്റ് രണ്ടുപേർ സ്ഥലംമാറിപ്പോയി. ഒരാൾ ഇവിടെ വന്നിട്ട് ഒരുമാസംപോലും ജോലിചെയ്യാതെ പാമ്ബാടിയിലേക്ക് പോയി മറ്റൊരാൾ വർക്കിങ് അറേജ്‌മെന്റിൽ വന്നതായിരുന്നു. കാലാവധി പൂർത്തിയായതോടെ അദ്ദേഹവും പോയി. ഗൈനക്കോളജിയിൽ മൂന്നുപേർ വേണ്ടിടത്ത് ഒരു ലേഡി ഡോക്ടർ മാത്രമാണുള്ളത്.
കണ്ണിന്റെ ഡോക്ടറെ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റി. പകരം എറണാകുളത്തുനിന്ന് ഒരാൾ വന്നെങ്കിലും ഏത് നിമിഷവും പോകാൻ തയാറായി നിൽക്കുകയാണ്. സർജൻ ഏറെ നാളായി അവധിയിലാണ്. ചില ഡോക്ടർമാർ ഒന്നടവിട്ട ദിവസങ്ങളിലേ ഡ്യൂട്ടി എടുക്കാറുള്ളൂ എന്ന നിർബന്ധബുദ്ധിയിലാണ്. ഇതിനെ നിയന്ത്രിക്കാൻ സൂപ്രണ്ടിനും കഴിയുന്നില്ലത്രെ.വല്ലപ്പോഴും ചേരുന്ന വികസനസമിതി ചായസൽക്കാരം കഴിഞ്ഞ് പിരിയുന്നതായാണ് ആക്ഷേപം