Banner Ads

എത്ര കോടി കിട്ടിയാലും സുധി ചേട്ടന് പകരമാവില്ല: കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ പറ്റിക്കാനാകില്ലെന്ന് രേണു സുധി

കോട്ടയം : അന്തരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് എംഎസിടി കോടതി വിധിച്ച നഷ്ടപരിഹാര തുകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ഭാര്യ രേണു സുധി. സുധി ചേട്ടനെ താൻ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും അതിനാൽ തുകയ്ക്ക് അർഹതയില്ലെന്നുമുള്ള പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് രേണു വ്യക്തമാക്കി.

2017 മേയ് ഏഴിന് തെങ്ങണ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ഞാനും സുധി ചേട്ടനും അദ്ദേഹത്തിന്റെ മൂത്ത മകൻ രാഹുലും എന്റെ വീട്ടുകാരും സാക്ഷികളായാണ് വിവാഹം രജിസ്റ്റർ ചെയ്തത്. കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ പറ്റിക്കാൻ ആർക്കും കഴിയില്ലെന്നും താൻ സുധിയുടെ നിയമപരമായ ഭാര്യ തന്നെയാണെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു.

ഇൻഷുറൻസ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോട്ടയം എംഎസിടി കോടതി അടുത്തിടെ ഉത്തരവിട്ടത്. സുധിയുടെ അർഹരായ നാല് അവകാശികൾക്കാണ് ഈ തുക ലഭിക്കുക. തുക വീതിക്കുന്നതും നൽകുന്നതുമെല്ലാം കോടതി നേരിട്ടാണ് തീരുമാനിക്കുന്നത്.

ഇളയ മകൻ റിതുലിന് ലഭിക്കുന്ന വിഹിതം അവന് 18 വയസ്സ് തികയുമ്പോൾ ഉപയോഗിക്കാമെന്നും മക്കളുടെ ഭാവി സുരക്ഷിതമായതിൽ സന്തോഷമുണ്ടെന്നും രേണു പറഞ്ഞു. മറ്റുള്ളവർക്ക് തുക നൽകണമെന്നും ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും പറയുന്നവർ വിവരക്കേടും കുശുമ്പും കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്.

എത്ര കോടി രൂപ കിട്ടിയാലും അത് സുധി ചേട്ടന് പകരമാവില്ലെന്നും ഈ തുക അദ്ദേഹത്തിന്റെ മരണശേഷം തങ്ങൾക്ക് ലഭിക്കുന്ന അവസാനത്തെ കരുതലാണെന്നും രേണു കൂട്ടിച്ചേർത്തു.