Banner Ads

വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി ഇൻഡിഗോ; യാത്രക്കാർക്ക് വൻ തിരിച്ചടി

ദില്ലി : വിമാന ഇന്ധനമായ എടിഎഫിന്റെ വില കുതിച്ചുയർന്നതിനെ തുടർന്ന് ഇന്ധന ചാർജ് വർധിപ്പിച്ച് ഇൻഡിഗോ. വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതുക്കിയ അധിക ചാർജ് ബാധകമായിരിക്കും. ഇനി മുതൽ 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ 600 രൂപയുമാണ് ചാര്‍ജ്.

1001 മുതല്‍ 1500 കിലോമീറ്റര്‍ വരെ 900 രൂപയും 1501 മുതല്‍ 2000 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 1150 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും ഇന്ധന ചാര്‍ജായി നല്‍കണം. കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാന ഇന്ധന വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലുണ്ടായ വർധനവ് 14 ശതമാനത്തിന് മുകളിലാണ്.

കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇന്ധനച്ചെലവ് ഉയർന്നത് സർവീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് നിരക്ക് കൂട്ടാൻ നിർബന്ധിതരായതെന്ന് ഇൻഡിഗോ വ്യക്തമാക്കി.