
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ എം കെ റാം പിടിയിൽ. കർണാടകയിലെ കുടകിൽ നിന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് ഡോ റാം ഒളിവിൽ പോയത്. താടി വളർത്തി രൂപം മാറ്റിയാണ് ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തി. നേരത്തെ ആന്ധ്രപ്രദേശിലെ ചിറ്റൂരിലെത്തിയ അന്വേഷണ സംഘത്തെ വെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു.
മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് പിടിയിലാകുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. വിദ്യാർത്ഥിയോട് അധ്യാപകൻ കാട്ടിയ പെരുമാറ്റത്തെ മനുഷ്യത്വരഹിതം എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ക്ലാസ് മുറിയിൽ സഹപാഠികളുടെ മുന്നിൽവെച്ച് അപമാനിക്കപ്പെടുന്ന വിദ്യാർത്ഥിയുടെ മാനസികാവസ്ഥ അധ്യാപകർ മനസ്സിലാക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.
അതേസമയം, പ്രതി ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നടന്ന സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ചുവെന്നുമായിരുന്നു അധ്യാപകന് വേണ്ടി ഹാജരായ അഭിഭാഷകൻ്റെ വാദം. എന്നാൽ പ്രതി മൂന്ന് മാസമായി ഒളിവിലാണെന്ന വിവരം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.