Banner Ads

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതിയെ രക്ഷിക്കാൻ അട്ടിമറിക്ക് നീക്കമെന്ന് മരിച്ച ഗോപികയുടെ കുടുംബം; സൈബർ അധിക്ഷേപത്തിനെതിരെയും പരാതി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ അട്ടിമറി നടക്കുന്നതായി സംശയമെന്ന് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം. കോടീശ്വരനായ വ്യവസായിയുടെ കുടുംബം സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് കുടുംബത്തിന്റെ ആരോപണം. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നും ഇയാൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

പ്രതിയെ രക്ഷിക്കാൻ ഉന്നത സ്വാധീനം ഉപയോഗിക്കുന്നുണ്ടെന്നും കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായും സംശയമുണ്ട്. ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് തുന്നിക്കെട്ടിയ ശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിൽ ദുരൂഹതയുണ്ട്. കേസിൽ തങ്ങൾക്ക് നീതി ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് പറഞ്ഞു.സാധാരണ കുടുംബത്തിൽ നിന്നെത്തിയ ഗോപികയ്‌ക്കെതിരെ മരണശേഷവും വലിയ തോതിൽ സാമൂഹിക മാധ്യമങ്ങളിൽ സൈബർ അധിക്ഷേപം നടക്കുന്നുണ്ട്.

വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉൾപ്പെടെയുള്ളവർ മകളെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നുവെന്ന് കുടുംബം പരാതിപ്പെട്ടു.ആലപ്പുഴക്കാരായ മന്ത്രിമാർ, ആലപ്പുഴയിലെ കോടീശ്വരന്റെ സ്വാധീനത്തിന് വഴങ്ങരുതെന്നും മകൾക്ക് നീതി വാങ്ങി നൽകാൻ ഇടപെടണമെന്നും കുടുംബം പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചു.

പാലക്കാട് കരിമ്പയിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ് ഗോപികയുടെ അച്ഛൻ പ്രദീപ്. അമ്മ സജിത ഒരു റബ്ബർ ഷീറ്റ് കടയിലാണ് ജോലി ചെയ്യുന്നത്. എറണാകുളത്ത് പാർട്ട് ടൈം ജോലി ചെയ്ത് പഠിച്ചിരുന്ന ഗോപിക കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. അകാലത്തിലുള്ള വേർപാടിന്റെ വേദനയ്ക്കൊപ്പം തുടർച്ചയായ അധിക്ഷേപങ്ങളും ആശങ്കകളും കുടുംബത്തെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.