Banner Ads

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈലിനെ എക്സൈസും അറസ്റ്റ് ചെയ്തു

എറണാകുളം : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ നരഹത്യാ കേസിലെ പ്രതി ആലപ്പുഴ സ്വദേശി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസും രേഖപ്പെടുത്തി. 23 വയസ്സിൽ താഴെയുള്ളയാൾ മദ്യപിച്ചതിനാണ് നടപടി. പോലീസ് കേസിൽ ജാമ്യത്തിലിറങ്ങിയ സുഹൈൽ കഴിഞ്ഞ ദിവസം എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്.

തുടർന്ന് ഇയാൾക്ക് ജാമ്യം അനുവദിച്ചു. പ്രതികൾ സഞ്ചരിച്ച മിനി കൂപ്പർ അമിതവേഗതയിലെത്തി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കർണാടക സ്വദേശി ഇജാസ് എന്നിവരാണ് മരിച്ചത്. സുഹൈൽ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വാഹനം 162 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് സാങ്കേതിക പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മോഡ്യൂളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് കാർ കമ്പനി നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

അപകടം നടക്കുന്ന നിമിഷം വാഹനത്തിന്റെ വേഗത 144 കിലോമീറ്ററായിരുന്നു. ഇടിയ്ക്കുന്നതിന് ഏകദേശം ഒരു സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയതെന്നും ക്രാഷ് ഡാറ്റാ വിശകലനത്തിൽ കണ്ടെത്തിയിട്ടുണ്ട്.