
പത്തനംതിട്ട : കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് അപകടം. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്നും ലോഡുമായി പോകുമ്പോൾ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആളപായമില്ല.
ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ലോറിയിൽ നിന്ന് പുക ഉയരുന്നത് എതിർദിശയിൽ വന്ന മറ്റ് വാഹനങ്ങളിലുള്ളവരാണ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ മൂവരും വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി.
കോന്നിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടൽ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും വിശദമായ പരിശോധന നടത്തും.