Banner Ads

അറിഞ്ഞില്ലെന്ന് മന്ത്രി; ഓണക്കിറ്റിൽ നിന്ന് കശുവണ്ടി ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഓണക്കിറ്റിൽ നിന്ന് കശുവണ്ടിപ്പരിപ്പ് ഒഴിവാക്കിയ നടപടിക്കെതിരെ കശുവണ്ടി തൊഴിലാളികൾക്കിടയിൽ അമർഷം പുകയുന്നു. വിഷയത്തിൽ ന്യായീകരണവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. കശുവണ്ടിപ്പരിപ്പ് ഒഴിവാക്കിയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കശുവണ്ടിപ്പരിപ്പിനായി മാത്രം 100 കോടി രൂപയോളം ചെലവഴിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 970 ടണ്ണോളം കശുവണ്ടിപ്പരിപ്പ് വാങ്ങി ഓണക്കിറ്റിൽ ഉൾപ്പെടുത്തിയത് ആയിരക്കണക്കിന് കശുവണ്ടി തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരുന്നു. 2021ലും 2022ലും 90 ലക്ഷം വീതം കിറ്റുകളിലാണ് 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ് ഉൾപ്പെടുത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന കടലയുടെ അളവ് കൂട്ടുകയും കേരളത്തിന്റെ സ്വന്തം ഉൽപ്പന്നമായ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കുകയും ചെയ്ത നടപടി തൊഴിലാളി വിരുദ്ദമാണ്.

ഇത്തവണ 58 തൊഴിൽ ദിനങ്ങൾ മാത്രമാണ് ലഭിച്ചതെന്നും ഇഎസ്ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കശുവണ്ടി തൊഴിലാളികളെന്നും സംഘടനാ നേതാക്കൾ ആരോപിച്ചു. കശുവണ്ടി ഫാക്ടറികളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ച ബിന്ദു കൃഷ്ണ ഇപ്പോൾ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ആരോപണം.