
ദുബായ് : യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശ മേഖലകളിലും ദ്വീപുകളിലും 45 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം.
ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയാനും ഇടയുണ്ട്. ചൊവ്വാഴ്ച രാവിലെയോടെ പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കുന്നതിനെ തുടർന്ന് മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.
വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമായി വീണ്ടും സാന്ദ്രത കുറഞ്ഞ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെങ്കിലും വ്യാഴാഴ്ചയോടെ അറേബ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
.